കേരളത്തിലെ ലോക്സഭാ വോട്ടെടുപ്പ് ദിവസം മാറ്റണം: വിസ്ഡം

Kozhikode

കോഴിക്കോട്: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ചയിൽ നിന്നും മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെടണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ തർബിയ സംഗമം ആവശ്യപ്പെട്ടു. മെയ്‌ 5ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ജില്ലാ ഫാമിലി കോൺഫ്രൻസിന്റെ ഭാഗമായാണ് തർബിയ സംഗമം സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കുന്നത് അസൗകര്യമാവും. മാത്രവുമല്ല സ്ഥാനാർഥികൾക്കും, ബൂത്ത് തല പ്രവർത്തകർക്കും ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഈ ദിവസം അസൗകര്യമാണ്. കേരളത്തിലെ വെള്ളിയാഴ്ചത്തെ ഇലക്ഷൻ മറ്റൊരു തിയ്യതിയിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകണം. കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണം. മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും തർബിയ സംഗമം ആവിശ്യപെട്ടു. വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സഫുവാൻ ബാറാമി അൽ ഹിക്കമി മുഖ്യ പ്രഭാഷണം നടത്തി. നജീബ് സലഫി, ഐ പി മൂസ, പി സി ജംസീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സ്വാഗതവും അഷ്‌റഫ്‌ കല്ലായി നന്ദിയും പറഞ്ഞു.