തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ അവഗണിച്ചതു പോളിംഗ് ശതമാനം കുറച്ചു

Kerala

കോട്ടയം/പാലാ: വോട്ടെടുപ്പിലേയ്ക്ക് ആളുകളെ ആകർഷിക്കാൻ ഉതകുന്ന നോട്ടയ്ക്ക് അംഗീകാരം ഉണ്ടെങ്കിലും അതെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തതാണ് പോളിംഗ് ശതമാനം കുറയാൻ കാരണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ വിലയിരുത്തി. നോട്ടയെക്കുറിച്ച് ബോധവൽക്കരണം നടത്തിയിരുന്നുവെങ്കിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുമായിരുന്നുവെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ അവഗണിച്ചത് വോട്ടിംഗിൽ നിന്നും വിട്ടു നിൽക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. എല്ലാവിധ വോട്ടുകളും ചേർന്നാൽ മാത്രമാണ് ജനാധിപത്യത്തിൽ വോട്ടെടുപ്പ് പരിപൂർണ്ണമാകുന്നത്. ഈ നില തുടർന്നാൽ ഭാവിയിലും പോളിംഗ് കുറയാനാണ് സാധ്യത. സ്ഥാനാർത്ഥികളോടോ രാഷ്ട്രീയത്തോടോ താത്പര്യമില്ലാത്തതാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽകാൻ വോട്ടർമ്മാരെ  പ്രേരിപ്പിക്കുന്നതിൽ ഒരു ഘടകം. പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണ് നോട്ട. അതിനുള്ള അവസരമുണ്ടെന്ന് ബോധ്യപ്പെട്ടാൽ പോളിംഗ് ശതമാനം ഉയർത്താനാവും. ഇത്തവണ നോട്ടയ്ക്ക് ലഭിക്കുന്ന വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. 

30 ശതമാനത്തോളം വോട്ടുകളാണ് സംസ്ഥാനത്ത് ചെയ്യപ്പെടാതെ പോയത്. 2019 ൽ ചെയ്തതിലും ആറ് ശതമാനത്തോളം പോളിംഗ് കുറഞ്ഞിട്ടുണ്ട്. നിലവിലുള്ള രാഷ്ടീയ സംവീധാനത്തോടുള്ള മടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് കുറയാൻ കാരണമായിട്ടുണ്ട്.  പ്രതീക്ഷകളോടെ വോട്ടു ചെയ്താലും പ്രയോജനമില്ലെന്നാണ് വോട്ടർമാർ പറയുന്നത്. ഇതും വോട്ടെടുപ്പിൽ നിന്നും വിട്ടു വിൽക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. വോട്ടെടുപ്പിനുശേഷം വിജയിക്കുന്നവർ വോട്ടർമാരുടെ ആവശ്യങ്ങൾക്കു ചെവി കൊടുക്കാറില്ലെന്ന പരാതിയാണ് പരക്കെയുള്ളത്. രാഷ്ട്രീയ സംവീധാനങ്ങളോടുള്ള വിശ്വാസം വോട്ടർമാർക്കു നഷ്ടപ്പെട്ടു തുടങ്ങി. വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രോത്സാഹന പരിപാടികൾ ഫലപ്രദമായില്ല. സിനിമാക്കാരെയും മറ്റും ഇറക്കിയിട്ടും യുവാക്കൾ പോലും കാര്യമായിട്ട് എടുക്കുന്നില്ല. ഇതൊന്നും ആളുകളെ ആകർഷിക്കില്ല.    

 പോളിംഗ് കുറഞ്ഞാൽ ആർക്ക് നേട്ടം കൂടിയാൽ ആർക്ക് നേട്ടം എന്ന ചർച്ചകൾ വരുന്നത് ജയിക്കാനുള്ള സാധ്യതകൾ മാത്രം രാഷ്ട്രീയ കക്ഷികൾ തേടുന്നതു കൊണ്ടാണ്. വോട്ടു ചെയ്യാനുള്ള ഉപകരണങ്ങൾ മാത്രമായി വോട്ടർമാരെ മാറ്റുന്നതിൽ പ്രതിഷേധമുണ്ട്. ജയ പരാജയം നിശ്ചയിക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ വോട്ടുകളാണ്. നോട്ടയിലൂടെ പ്രതികരിക്കാൻ സാധിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായാൽ മാറ്റങ്ങൾ ഉണ്ടാവുമെന്നും അതുവഴി മെച്ചപ്പെട്ട സ്ഥാനാർത്ഥികൾ രംഗത്തുവരുമെന്നും ഫൗണ്ടേഷൻ പ്രത്യാശ പ്രകടിപ്പിച്ചു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിജു മാത്യു, ബിന്ദു എൽസ തോമസ്, പി കെ അനിൽകുമാർ, അബ്ദുൾ റഹിം, ജി മനീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.