കണ്ണൂർ:കേരളത്തിലെ മുസ്ലിം സംഘടനകളെ ഭിന്നിപ്പിക്കാൻ ചില തത്പര ബാഹ്യശക്തികൾ ഗൂഢ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ഇതിനെതിരെ സമുദായം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണമെന്നും കെ.എൻ.എം.മർകസുദ്ദഅവ കണ്ണൂർ ജില്ലാ സമ്പൂർണ്ണ പ്രവർത്തക സമിതി ആഹ്വാനം ചെയ്തു.
ചിലരുടെ താത്പര്യങ്ങൾക്കുള്ള ഇത്തരം വിഘടന നീക്കങ്ങൾ തിരിച്ചറിയണമെന്നും പരാജയപ്പെടുത്തണമെന്നും മുസ്ലിം സംഘടനകൾ പൊതു കാര്യങ്ങളിൽ ഒരുമയിൽ നിൽക്കണമെന്നും പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.
കാലം തേടുന്ന ഇസ്ലാഹ് എന്ന ത്രിമാസ സംസ്ഥാന കാംപയിൻ ഭാഗമായി ശാഖ, മണ്ഡലങ്ങളിൽ സ്നേഹ സംഗമങ്ങൾ നടക്കും. യുവജന, വിദ്യാർത്ഥി, വനിത അംഗത്വം ചേർക്കലും പുതുക്കലും കാലയളവിൽ നടക്കും.
തായത്തെരു റോഡ് സലഫി ദഅവ സെൻ്ററിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ഉപാദ്ധ്യക്ഷൻ ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സി.സി ശക്കീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ ഗഫൂർ സ്വലാഹി, സയ്യിദ് സുല്ലമി, ഡോ.അബ്ദുൽ ജലീൽ ഒതായി, ഫൈസൽ ചക്കരക്കൽ വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തി.
എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി ഹസീന, ഐ.എസ്.എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ, എം.എസ്.എം സംസ്ഥാന ട്രഷറർ ജസിൻ നജീബ്, ഐ.ജി.എം സംസ്ഥാന സമിതിയംഗം സുഹാന ഇരിക്കൂർ, ജില്ലാ പ്രസിഡൻ്റ് ഫാത്തിമ സുഹാദ പ്രസംഗിച്ചു.