മലപ്പുറം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ നടപടിക്കായി സമര്‍പ്പിച്ച അപേക്ഷ വിദ്വേഷ പ്രചാരണത്തിനായി സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ക്ക് ചോര്‍ത്തികൊടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് കെ.എന്‍.എം. മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തന്റെ മുമ്പില്‍ വിശ്വാസ പൂര്‍വ്വം ഏതാനും കുട്ടികള്‍ സമര്‍പ്പിച്ച ഹരജി നടപടിക്കു മുമ്പായി എങ്ങിനെ ചോര്‍ന്നുവെന്ന് വ്യക്തമാക്കാനുള്ള ബാധ്യത കോളേജ് പ്രിന്‍സിപ്പാളിനുണ്ട്. കിട്ടാവുന്ന പുല്‍കൊടികളെല്ലാം മുസ്ലീംസമൂദായത്തിനെതിരെ വിദ്വേഷം ജനിപ്പിക്കാന്‍ ആയുധമാക്കുന്ന വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് മുന്നില്‍ പരാതിക്കാരികളായ വിദ്യാര്ത്ഥിനികളെ എറിഞ്ഞു കൊടുക്കാന്‍ പ്രബുദ്ധകേരളം തയ്യാറല്ലെന്നും യോഗം വ്യക്തമാക്കി.
ബി ജെ പി സര്‍ക്കാര്‍ രാഷ്ട്രീയകളി അവസാനിപ്പിച്ച് മണിപ്പൂര്‍ ജനതയുടെ ദുരിതമകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എന്‍.എം. മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡണ്ട് സി. മമ്മു കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍ സെയ്തലവി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഇ ആര്‍ അബ്ദുല്‍ ജബ്ബാര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോക്ടര്‍ അനസ് കടലുണ്ടി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഫൈസല്‍ നന്മണ്ട, ഹമീദലി ചാലിയം, എം കെ മൂസ മാസ്റ്റര്‍, ഷംസുദ്ദീന്‍ പാലക്കോട്, കെ.എ സുബൈര്‍, ബി.പി.എ ഗഫൂര്‍, ഡോക്ടര്‍ ജാബിര്‍ അമാനി, അബ്ദുല്‍ അലി മദനി, സി ടി ആയിഷ, ആദില്‍ നസീഫ്, സഹല്‍ മുട്ടില്‍, റഫീഖ് നല്ലളം, റുക്‌സാന വാഴക്കാട്, വി.സി മറിയക്കുട്ടി സുല്ലമിയ, പി അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.