മമ്പുറം : മമ്പുറം സയ്യിദ് അലവി തങ്ങൾ മഹാനായ പരിഷ്കർത്താവും ഇസ്ലാമിക പണ്ഡിതമായിരുന്നുവെന്ന് കെ.എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
മമ്പുറത്ത് പുതുതായി ആരംഭിച്ച സലഫീ മസ്ജിദിൽ ആദ്യത്തെ ജുമുഅ ഖുതുബ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ ആരാധനകളും സംസ്കാരങ്ങളും നിലനിർത്താനും അവരുടെ മതപരമായ വളർച്ചക്ക് വേണ്ടിയും മമ്പുറം തങ്ങൾ നിരവധി പള്ളികൾ നിർമ്മിക്കാൻ നേതൃത്വം നൽകി. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് മുസ്ലികളെ രംഗത്തിറക്കാൻ തങ്ങൾ ധാരാളമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. സൈഫുൽ ബത്താർ എന്ന അറബികൃതി അതിൻ്റെ ഒന്നാം തരം തെളിവാണ്.
മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രൻ സയ്യിദ് ഫസ്ൽ തങ്ങളും പിതാവിൻ്റെ പാതയിൽ സമുദായ പരിഷ്കരണം നടത്തിയ മഹാനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്ന് നേതൃത്വം നൽകിയെന്നതിൻ്റെ പേരിൽ ബ്രിട്ടീഷ് സർക്കാറിൻ്റെ നിർബന്ധ പ്രകാരം അദ്ദേഹം നാട് വിടേണ്ടി വന്നു. അങ്ങനെ ഒട്ടോമൻ തുർക്കി സർക്കാറിൻ്റെ കീഴിൽ ഗവർണർ ജോലി സ്വീകരിക്കുകയും തുർക്കിയിൽ തന്നെ മരണപ്പെടുകയും ചെയ്യുകയാണുണ്ടായത്. സുന്നികളായിരുന്ന മലബാർ മുസ്ലിംകൾക്കിടയിൽ ശീയ വിശ്വാസവും ആചാരങ്ങളും പ്രചാരണം നടത്തിയ കൊണ്ടോട്ടി തങ്ങന്മാർക്കെതിരിൽ ശക്തമായ നിലപാടുത്തു തങ്ങൾ.
മമ്പുറം സലഫി പള്ളി യഥാർത്ഥ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആദർശപ്രകാരമാണ് നടത്തപ്പെടുകയെന്നും അതാണ് ശരിയായ സുന്നി സരണിയെന്നും ഹുസൈൻ മടവൂർ പറഞ്ഞു. പ്രഥമ ജുമുത്ത നമസ്കാരത്തിന് സ്ത്രീകളുൾപ്പെടെ നൂറ് കണക്കിന്ന് വിശ്വാസികൾ പങ്കെടുത്തു. കഴിഞ്ഞ ബുധനാഴ്ച കെ. എൻ. എം പ്രസിഡൻ്റ് ടി. പി . അബ്ദുല്ലക്കോയ മദനിയാണ് മമ്പുറം സലഫി പള്ളി ഉദ്ഘാടനം നിർവ്വഹിച്ചത്.