കല്പറ്റ: സംസ്ഥാനത്തെ സാധാരണകാർ വില കുറവിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന പൊതുവിതരണ സംവിധാനങ്ങൾ തകർക്കുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല് സെക്രട്ടറി ബിനു തോമസ്. വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാനോ സപ്ലൈകോ , മാവേലി സംവിധാനങ്ങളെ ശക്തിപെടുത്താനോ യാതൊരുവിധ നടപടികളും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിത്യോപയോ സാധനങ്ങളുടെ വില വർദ്ധനയിലും, സർക്കാറിൻ്റെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ മാവേലി സ്റ്റോറിന് മുമ്പിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനു തോമസ്.
മാവേലി സ്റ്റോറുകളിൽ ലഭിക്കുന്ന അവശ്യ സാധനങ്ങൾക്ക് സബ്സിഡി ലഭിക്കണമെങ്കിൽ നിശ്ചിത ദിവസവും സമയവും പാലിച്ച് ചെല്ലേണ്ട അവസ്ഥയാണ്. പതിമൂന്ന് അവശ്യ സാധനങ്ങൾ ലഭ്യമാക്കേണ്ട സിവിൽ സപ്ലൈസ് മാർക്കറ്റുകളിൽ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഇത്തരത്തിൽ പൊതുവിതരണ സമ്പ്രദായം തകർത്ത് വൻകിട കച്ചവടക്കാർക്ക് ലാഭം ഉണ്ടാക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷനായിരുന്നു. എം. ഒ ദേവസ്യ, മോഹൻദാസ് കോട്ടകൊല്ലി, ഉഷാതമ്പി, ശശി പന്നി കുഴി , സുന്ദർ രാജ് എടപ്പെട്ടി, കെ പത്മനാഭൻ , ശ്രീദേവി ബാബു, ശാന്തമ്മ തോമസ്, ഫൈസൽ പാപ്പിന, മനോജ് കുമ്പളാട്, ബാദുഷ പനംങ്കണ്ടി, ബാബു പിണ്ടിപുഴ, പ്രസന്ന രാമകൃഷ്ണൻ, സിന്ദു വാഴവറ്റ, ജോഷി കെ. എൽ എന്നിവർ പ്രസംഗിച്ചു.