‘തരിയോട്’ യൂട്യുബിൽ റിലീസ് ചെയ്തു; വയനാടിന്‍റെ സ്വർണ്ണഖനന ചരിത്രം പ്രമേയം

Wayanad

കല്പറ്റ: നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രം യൂട്യുബിൽ റിലീസ് ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനനമാണ് ഡോക്യൂമെന്ററിയുടെ പ്രമേയം. കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച തരിയോടിന്റെ വിവരണം നിർവ്വഹിച്ചത് ദേശീയ അവാര്‍ഡ് ജേതാവായ അലിയാറാണ്.

കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യുബ് ചാനലിലാണ് ഇന്നലെ മുതൽ ചിത്രം സ്‌ട്രീമിംഗ്‌ തുടങ്ങിയത്. 2022 ജൂണിൽ അമേരിക്കൻ ഒ ടി ടി പ്ലാറ്റ്‌ഫോമായ ‘ഡൈവേഴ്‌സ് സിനിമ’യിലൂടെ റിലീസ് ചെയ്ത തരിയോട് 2022 സെപ്റ്റംബർ മുതൽ ഇന്ത്യയ്ക്ക് പുറമെ 132 രാജ്യങ്ങളിലായി ആമസോൺ പ്രൈം വീഡിയോയിലും ലഭ്യമായിരുന്നു. ഡോക്യൂമെന്ററിയുടെ പുസ്തക രൂപം ഈ മാസം 22ന് പുറത്തിറക്കിയിരുന്നു. സംവിധായകൻ  നിർമൽ എഴുതിയ പുസ്തകം ആമസോണിലും, ആമസോൺ കിന്റിലിലും ലഭ്യമാണ്.    

2021 ലെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹൃസ്വ ഡോക്യുമെന്ററി, മികച്ച ഹൃസ്വ ഡോക്യുമെന്ററി സംവിധായകന്‍, ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, ആഷ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഡോക്യൂമെന്ററി, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘തരിയോട്’ നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

കോണ്ടിനെന്റെല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ തരിയോടിനെ ഫൈനലിസ്റ്റായും, മഹാരാഷ്ട്രയില്‍ നടന്ന ഐ ഫിലിംസ് ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ സെമി ഫൈനലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവല്‍, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ്, ലോസ് ആഞ്ചെലെസിലെ സ്റ്റാന്‍ഡാലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്സ്, ജര്‍മ്മനിയിലെ ഗോള്‍ഡന്‍ ട്രീ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍, ബെംഗളൂരുവിലെ വണ്‍ എര്‍ത്ത് അവാര്‍ഡ്സ്, ഇറ്റലിയിലെ ഫെസ്റ്റിവല്‍ ഡെല്‍ സിനിമ ഡി ചെഫാലു, അമേരിക്കയിലെ ലേൻ ഡോക് ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.