കോഴിക്കോട്: മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ദി ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം വിവാദമായതോടെ പി.ആർ ഏജൻസി എഴുതിത്തന്നത് അഭിമുഖത്തിൽ ചേർക്കുകയായിരുന്നു എന്ന പത്രത്തിൻ്റെ വിശദീകരണത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി എൻ അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പറയാത്തത് എഴുതികൊടുത്ത പി ആർ ഏജൻസിയുടെ പേരിൽ കടുത്ത നടപടി പ്രഖ്യാപിക്കേണ്ടതിന് പകരം ഈ വിഷയത്തിൽ ഇത്രയും സമയമായിട്ടും മൗനം തുടരുന്നത് ആശങ്കാജനകമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മലപ്പുറത്തെ ടാർജറ്റ് ചെയ്ത് ബിജെപിയും സംഘപരിവാറും ഏറെ നാളായി നടത്തിവരുന്ന കുപ്രചാരണങ്ങൾക്ക് കരുത്തുപകരം വിധം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അഭിമുഖം ദേശീയതലത്തിൽ കേരളത്തിൻ്റെ വിശ്വാസ്യതക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി അഭിമുഖത്തിൽ പറയാത്തത് പത്രത്തിൽ അടിച്ചു വന്നുവെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കേരളത്തെയും വിശിഷ്യാ മലപ്പുറം ജില്ലയെയും പ്രതിക്കൂട്ടിൽ നിർത്തുന്നതും വർഗീയ വിഭജനത്തിന് മരുന്നിട്ട് കൊടുക്കുന്നതുമായ ഈ പരാമർശം മുഖ്യമന്ത്രിയുടെ അറിവില്ലാതെ ചേർത്ത പത്രത്തിനും പി.ആർ ഏജൻസിക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാതിരിക്കുകയും ആ വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെ നീക്കത്തിൽ ദുരൂഹതയുടെ ആഴം വർദ്ധിക്കുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
എഡിജിപി എം. ആർ അജിത് കുമാറിന് നേരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് ഇരുത്തിക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചത് കേരളത്തിൻ്റെ പ്രബുദ്ധതയെ വെല്ലുവിളിക്കുന്നതാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഭരണകൂടത്തിനെതിരെ വിമർശനമുന്നയിക്കുന്ന മുസ് ലിം പേരുള്ളവരെ തീവ്രവാദ ചാപ്പയടിച്ച് വിഷയത്തെ വഴിതിരിച്ചുവിടുന്നത് അത്യന്തം വേദനാജനകമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
നൈമിഷികമായ നേട്ടത്തിനായി ഭൂരിപക്ഷ- ന്യൂനപക്ഷ പ്രീണനം തരാതരം ഉപയോഗിക്കുന്നതിലൂടെ നാടിൻ്റെ മതനിരപേക്ഷ മൂല്യങ്ങളെയും സൗഹാർദ്ദ അന്തരീക്ഷത്തെയുമാണ് ബലി കൊടുക്കുന്നതെന്ന കാര്യം ഉത്തരവാദപ്പെട്ടവർ ഓർമ്മിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.