കോഴിക്കോട്: ഹെഡ്മാസ്റ്ററുടെ ജോലി സ്കൂളിൽ ഉച്ചഭക്ഷണം നൽകലല്ല എന്നും പഠന പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സ്കൂളിന്റെ പുരോഗതിക്ക് നേതൃത്വം നൽകലാണെന്നും പന്ന്യന്‍ രവീന്ദ്രൻ പ്രസ്താവിച്ചു. കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ( കെ ജി പി എസ് എച്ച് എ ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചഭക്ഷണം നൽകൽ സർക്കാരിന്റെ ജോലിയാണ്. അത് ഹെഡ്മാസ്റ്ററുടെ കാശ് ഉപയോഗിച്ച് നടത്തേണ്ട ഒരു പദ്ധതിയല്ല. ഈ കാര്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തൊഴിലിടങ്ങളിൽ ചെലവ് ചെയ്യിക്കുക എന്നത് ഇടതുപക്ഷ സർക്കാരിന്റെ നയം ആകരുതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ഉച്ചഭക്ഷണ കുടിശ്ശിക ഉടനെ അനുവദിക്കുക, ഉച്ചഭക്ഷണ ചുമതല ഹെഡ്മാസ്റ്റർമാരിൽ നിന്ന് മാറ്റി മറ്റ് ഏജൻസികൾക്ക് നൽകുക, ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് താൽക്കാലിക പ്രമോഷൻ അവസാനിപ്പിക്കുക, പ്രൈമറി , പ്രൈമറി പ്രഥമാധ്യാപകരിൽ യോഗ്യത ഉള്ളവർക്ക് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റ്റാവാൻ ക്വാട്ട അനുവദിക്കുക , ഹെഡ്മാസ്റ്റർമാർക്ക് അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് 10% ക്വാട്ട അനുവദിക്കുക, പഞ്ചായത്ത് ഇമ്പ്ലിമെന്റ്റിങ് ഓഫീസർമാരുടെ സ്കൂളുകളിൽ സംരക്ഷിത/ ദിവസവേതന അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുക , ഗവ: പ്രൈമറി എച്ച്. എം മാർക്ക് ഗസറ്റഡ് പദവി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹെഡ്മാസ്റ്റർമാർ ധർണ്ണയിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറൽ സെക്രട്ടറി ഇ ടി കെ ഇസ്മയിൽ, ഷീബ കെ മാത്യു, ആർ ശ്രീജിത്ത്, പി അയ്യച്ചാമി, കെ രാജീവൻ, സി മുഹമ്മദ് മുസ്തഫ, കെ സി മൊയ്തീൻകുട്ടി, ആർ രാജേഷ്, ഷുക്കൂർ കോണിക്കൽ, മുഹമ്മദ് മുട്ടത്ത്, ഡി സതീശൻ, പി ജി മനോജ്, സി പി അബു എന്നിവർ പ്രസംഗിച്ചു.