ദമ്മാം : തീവ്രവാദത്തിന്നും ഭീകരതക്കുമെതിരിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും ആഗോള തലത്തിൽ സമാധാന പ്രവർത്തനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ നിലപാട് ലോകത്തിന് തന്നെ മാതൃകയാണെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ. എം ) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ ഹുസൈൻ മടവൂർ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനാർത്ഥം ദമ്മാമിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു . ലോകത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പല തരത്തിലുമുള്ള ഭീകരപ്രവർത്തനങ്ങൾ ഉണ്ട്.
ചിലർ അത്തരം ചിന്താഗതികൾ പ്രചരിപ്പിക്കാൻ മതത്തെ കൂട്ടുപിടിക്കുകയും മത ദർശനങ്ങൾ തെറ്റായ നിലയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ, മനുഷ്യരെ ഭീതിപ്പെടുത്തുകയും അവരുടെ സ്വൗര്യജീവിതം നശിപ്പിക്കുകയും ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾ മതവിരുദ്ധവും മനുഷ്യത്വ വിരുദ്ധമാണ്. ഇസ്ലാം ഊന്നൽ നൽകുന്നത് ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിലാണ്.
ഇക്കാര്യങ്ങൾ നേരത്തെത്തന്നെ മനസ്സിലാക്കി രാജ്യത്ത് നിന്ന് എല്ലാവിധ തീവ്രവാദത്തിൻ്റെയും ഭീകരതയുടെയും വേരറുക്കാനും സമാധാന ജീവിതം ഉറപ്പ് വരുത്താനുമുള്ള സൗദി സർക്കാറിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് സൽമാനും നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിലെ സമാധാന പ്രേമികളുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) എന്ന പേരിൽ പ്രവർത്തിക്കുന്ന ഭീകര പ്രസ്ഥാനം ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് തുടക്കത്തിലേ പ്രഖ്യാപിച്ചത് സൗദിയിലെ ഭരണാധികാരികളും പണ്ഡിതന്മാരുമാണ്.
സൗദി മതകാര്യമന്ത്രി ശൈഖ് അബ്ദുൽലത്തീഫ് ആലു ശൈഖും ഗ്രാൻ്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖും മക്കയിലെയും മദീനയിലെയും മഹാ പണ്ഡിതന്മാരും ഉന്നത പണ്ഡിത സഭയും ഐ.എസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് ഇന്ത്യയിലെ മുഖ്യധാരാ മുസ്ലിം സംഘടനകൾക്കുമുള്ളത്. ഈയിടെയായി ലോകത്തിൻ്റെ വിവിധ നാടുകളിലേക്ക് ഇസ്ലാമിൻ്റെ സമാധാന സന്ദേശവും മിതത്വ സമീപനവും വിശദീകരിച്ച് കൊടുക്കാനായി വിശുദ്ധ ഹറം പള്ളികളിലെ ഇമാമുമാരെ സൗദി സർക്കാർ നിയോഗിച്ചിരിക്കുകയാണ്.
ഈ ദൗത്യവുമായി ഔദ്യോഗികമായി ഇന്ത്യ സന്ദർശിച്ച മദീനാ ഹറം ഇമാം ശൈഖ് അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്മാൻ അൽ ബുഅയ്ജാന്ന് കേരളത്തിൽ ആതിഥ്യമരുളാൻ കെ എൻ എമ്മിനു അവസരം ലഭിച്ചത് സസന്തോഷം അനുസ്മരിക്കുകയാണെന്നും അതിന്ന് ഇന്ത്യൻ സമൂഹം ഒന്നടങ്കം സൗദിഭരണാധികാരികളോട് നന്ദിയുള്ളവരാണെന്നും ഇന്തോ അറബ് ലീഗ് സെക്രട്ടരി ജനറൽ കൂടിയായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.