കല്പറ്റ: തോട്ടം തൊഴിലാളികളടക്കമുള്ള മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനും അർഹരായ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതിനും കാണിക്കുന്ന കാലതാമസം കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ദുരന്ത ബാധിതരായ തോട്ടം തൊഴിലാളികൾക്ക് 1951 ലെ പ്ലാൻ്റേഷൻ ലേബർ ആക്ട് പ്രകാരം മതിയായ നഷ്ടപരിഹാരം കൊടുക്കാനൊ പുനരധിവാസത്തിനാവശ്യമായ ഭൂമി വിട്ടു തരാനൊ തയാറാകാത്ത HML കമ്പനി വയനാട്ടിൽ മാത്രം 30,000 ത്തിൽ പരം ഏക്കർ കൃഷിഭൂമിയാണ് വ്യാജരേഖകളുടെ പിൻബലത്തിൽ കയ്യടക്കി വച്ചിരിക്കുന്നത്. തോട്ടം തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തിയും വിദേശ ബിനാമി ഗോയങ്കയെ പുറത്താക്കിയും മണ്ണിൽ പണിയെടുക്കുന്ന ജനവിഭാഗങ്ങൾക്ക് ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ഉറപ്പാക്കേണ്ട സർക്കാർ കോർപ്പറേറ്റുകൾക്കും ഭൂമാഫിയകൾക്കും മുമ്പിൽ കീഴടങ്ങുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനകരമാണ്.
മനുഷ്യാവകാശ ദിനമായ ഡിസ.10 ന് സിവിൽ സ്റ്റേഷൻ സമരപ്പന്തലിൽ ചേർന്ന ദുരന്ത ബാധിതരുടെ യോഗത്തിൽ പി.ടി. പ്രേമാനന്ദ് അദ്ധ്യക്ഷതവഹിച്ചു. കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, എം.കെ. ഷിബു, ബിജി ലാലിച്ചൻ, കെ.ജി മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.