അറബി ഭാഷാ പഠനം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് സഹായകരം: ഡോ.ഹുസൈൻ മടവൂർ

Malappuram

എടവണ്ണ (മലപ്പുറം): അറബിഭാഷാ പഠനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഏറെ സഹായകമായിട്ടുണ്ട് പ്രമുഖ അറബി ഭാഷാപണ്ഡിതനും കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് പി.ജി വിഭാഗം അക്കാദമിക് കമ്മിറ്റി ചെയർമാനുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

ഐക്യ രാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എടവണ്ണ ജാമിഅ നദവിയ്യയിൽ സംഘടിപ്പിച്ച അറബിക് കൊളോക്കിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു . എൻ അംഗീകരിച്ച ആറ് ലോകഭാഷകളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന അറബി ഭാഷ ലോകത്തിലെ മുപ്പതോളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയാണ്. അവിടങ്ങളിൽ ജീവിക്കുന്ന നാൽപത് കോടി ജനങ്ങളുടെ മാതൃഭാഷയാണ് അറബി. അതിന്ന് പുറമെ അനറബി രാജ്യങ്ങളിലെ നാൽപത് കോടിയോളം ജനങ്ങൾക്ക് അറബി ഭാഷ അറിയാം. ഒരേ സമയം അതൊരു ക്ലാസിക്കൽ (പ്രാചീന ) ഭാഷയും മോഡേൺ (ആധുനിക ) ഭാഷയുമാണത്. എല്ലാ സാഹിത്യ മേഖലകളിലും അറബി ഭാഷയുണ്ട്. വാണിജ്യ വ്യവസായ മേഖലകളിൽ അറബി ഭാഷ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു. അറബി ഭാഷയിലൂടെ നിർമ്മിത ബുദ്ധിയുപയോഗിച്ചുള്ള പഠനഗവേഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

ഗൾഫ് മേഖലയിൽ പെട്രോൾ കണ്ട് പിടിച്ചതോടെ അറബി അറിയുന്നവരുടെ തൊഴിൽ മേഖല ഏറെ വിപുലമായി. അറബി ഭാഷ പഠിച്ചവർക്ക് ഗൾഫിൽ ഉയർന്ന തൊഴിൽ ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ അറബി ഭാഷ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു:

കോഴിക്കോട് സർവ്വകലാശാല മുൻ വൈസ്ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫസർ ആരിഫ് സൈൻ, ആദിൽ അത്വീഫ് , ഡോ.കെ. വസീൽ, ഡോ മുഹമ്മദലി അൻസാരി, പി. അബ്ദുറഹിമാൻ അൻസാരി, ഡോ. കെ.സീതിക്കോയ, ഡോ. പി.കെ അബ്ദുൽ ഗഫൂർ, അംജദ് അമീൻ എന്നിവർ സംസാരിച്ചു.

വിവിധ വേദികളിലായി അറബി ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അറുപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി.