തിരുവനന്തപുരം: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ മലയിൽക്കട കർഷകസേവിനി ഗ്രന്ഥശാലയുടെ പ്രതിമാസ പരിപാടിയിൽ കവി മലയിൽക്കട സുർജിത്തിനെ ഗ്രന്ഥശാല പ്രവർത്തകർ അനുമോദിച്ചു.
ഗ്രന്ഥശാലയുടെ സെക്രട്ടറി കൂടിയായ സുർജിത്തിന്റെ പ്രഥമ കവിതാ സമാഹാരമായ കാലം തെറ്റിയ കണിപ്പൂവുകൾ അദ്ദേഹം ഗ്രന്ഥശാലയ്ക്ക് സംഭാവന ചെയ്തു.
ഗ്രന്ഥശാല പ്രസിഡൻ്റ് ജനാർദ്ദനൻ നായർ കവിയെ പൊന്നാട ചാർത്തി ആദരിച്ചു.

തുടർന്ന് ഗ്രന്ഥശാല അംഗങ്ങളുടെ കവിതാലാപനവും പഞ്ചായത്ത് – താലുക്ക്- ജില്ലാതല വായനാമത്സരങ്ങളിൽ ലൈബ്രറിയെ പ്രതിനിധീകരിച്ചു വിജയിച്ചവർക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
തൻ്റെ കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രന്ഥശാല മുൻ സെക്രട്ടറി അന്തരിച്ച സുധാകരൻ നായരെ കുറിച്ചുള്ള കവിത സുർജിത് ആലപിച്ചു.
പ്രദീപ് കുമാരപിള്ള അനിൽ. ആർ. എൽ. എന്നിവർ ചേർന്നെഴുതിയ മുൻകാല ചലച്ചിത്ര അഭിനേതാക്കളെ കുറിച്ചുള്ള “തിരയടയാളങ്ങൾ” എന്ന ഗ്രന്ഥം ലൈബ്രറിക്കു വേണ്ടി പ്രസിഡൻ്റ് ജനാർദ്ദനൻ നായർ ഏറ്റുവാങ്ങി.
ലൈബ്രേറിയൻ ശ്രീധരൻ നായർ, എക്സിക്യുട്ടീവ് അംഗങ്ങളായ കെ. രാജകുമാർ, അനിൽ ആർ എൽ , രജനി ഗിരീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.