ആയഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ച് 20ന് മെമ്പറുടെ ഏകാങ്ക സമരം

Kozhikode

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് സബ് സെൻ്റർ നിർമ്മാണത്തിന് 2018 കാലഘട്ടത്തിൽ 4 സെൻ്റ് സ്ഥലം എം.എ മൂസ മാസ്റ്റർ സൗജന്യമായി നൽകിയത് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്തതാണ്. എന്നാൽ പുതിയ പദ്ധതി പ്രകാരം 4 സെൻ്റ് സ്ഥലം അധികമായി നൽകിയാൽ NHM ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ കെട്ടിടത്തിന് നൽകാം എന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ എം.എ മൂസമാസ്റ്ററുമായി സംസാരിച്ചപ്പോൾ 4 സെൻ് സ്ഥലം കൂടി അധികമായി നൽകാൻ സമ്മതപത്രം നൽകി.

അധികമായി നൽകിയ നാല് സെൻ്റ് സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്യാനും നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുറിക്ക് വാടക നിശ്ചയിക്കാനും ലാൻ്റ് വാല്യുവേഷൻ സർട്ടിഫിക്കറ്റ് വേണം എന്ന് സർക്കാർ നിബന്ധനകളിൽ നിഷ്കർഷിച്ചിട്ടുണ്ട്. മെമ്പറുടെ കത്ത് പ്രകാരം പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്ത് വില്ലേജ് ഓഫീസർക്ക് അപേക്ഷ കൈമാറി. മാസങ്ങൾക്ക് ശേഷം വില്ലേജ് ഓഫീസറല്ല ലാൻ്റ് വാല്യുവേഷൻ സർട്ടിഫിക്കറ്റ് തരേണ്ടത് എന്നും താലൂക്ക് ഓഫീസാണ് നൽകേണ്ടത് എന്നും പറഞ്ഞ് വില്ലേജ് ഓഫീസർ അപേക്ഷ തിരിച്ചയച്ചു. പഞ്ചായത്ത് ഭരണസമിതിയിൽ വിഷയം ചർച്ച ചെയ്യാൻ കാലതാമസം എടുക്കും എന്നത് മനസിലാക്കി വ്യക്തികളെക്കൊണ്ട് ആവശ്യമായ രേഖകളും വച്ച് 6/12/2024 താലൂക്കിൽ നേരിട്ട് അപേക്ഷ നൽകി. അതിൻ്റെ അന്വേഷണവുമായി നിരന്തരമായി ബന്ധപ്പെട്ടപ്പോൾ മാർച്ച് മാസത്തിൽ താലൂക്ക് ഓഫീസിൽ നിന്നും അറിയിച്ച മറുപടി ഞങ്ങളല്ല ഇത് നൽകേണ്ടതെന്നും വില്ലേജ് ഓഫീസറാണ് നൽകേണ്ടതെന്നും അറിയിപ്പ് ലഭിച്ചു. ഇങ്ങനെയുള്ള ക്രമമില്ലായ്മ പലതിനും കാലതാമസം വരുന്നത് നീതിക്ക് നിരക്കാത്ത കാര്യമാണ്.

പ്രസ്തുത കാലതാമസം കൊണ്ട് വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്. ഒരു വർഷമായി വാടക നൽകാതെ സബ് സെൻ്ററിൻ്റെ പ്രവർത്തനം നടക്കുന്നതുകൊണ്ട് കെട്ടിടം ഒഴിഞ്ഞു തരാൻ കെട്ടിട ഉടമ ആവശ്യപ്പെടുകയാണ്. മാത്രവുമല്ല കഴിഞ്ഞ വർഷം NHM ഫണ്ടിൽ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് കാലതാമസവും നേരിട്ടിട്ടുണ്ട്.
സർക്കാർ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അവിടെ ജനോപകാര പ്രഥമായ നിയമനിർമ്മാണം നടത്തിയാൽ മാത്രമേ പൊതുജനത്തിന് ഉപകാരപ്പെടുകയുള്ളൂ. പല വ്യക്തിഗത നിയമനിർമ്മാണത്തിലും ഇത്തരം വിഷയങ്ങൾ ഉള്ളതായി കാണാവുന്നതാണ്.

സൗജന്യമായി ലഭിക്കുന്ന സ്ഥലങ്ങളും മറ്റും സ്വീകരിക്കാൻ വിലങ്ങുതടിയായി മാറുന്ന നിയമനിർമ്മാണത്തിനെതിരെ ശബ്ദിക്കാനാണ് ഏകാങ്ക സമരമെന്നും ഒരു വർഷത്തോളമായി ഇതിൻ്റെ പിന്നാലെ ഓടുന്നു എന്നും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാകലക്ടർക്കും മറ്റും പരാതി സമർപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. സമരത്തിൻ്റെ അറിയിപ്പ് വടകര പോലീസിൽ നൽകി. പരിഹാരം ആവുന്നില്ലെങ്കിൽ കോടതിയെ സമീപിച്ച് കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മെമ്പർ പറഞ്ഞു