ലൈബ്രറി കൗൺസിൽ വർണ്ണക്കൂടാരം ദർശനത്തിൽ ആരംഭിച്ചു

Kozhikode

കോഴിക്കോട് : വിദ്യാർത്ഥികളിൽ വായനാശീലം വളർത്തി, സാമൂഹ്യതിന്മകളിൽ നിന്ന് അകറ്റി നിർത്താനും നല്ല പൗരന്മാരാക്കാനും ലക്ഷ്യമിട്ട് കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപം നല്കിയ വർണ്ണക്കൂടാരം പദ്ധതി കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയിൽ തുടങ്ങി. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ചൂലൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 16-ാം വാർഡ് കൗൺസിലർ എം പി ഹമീദ് അധ്യക്ഷനായി.

ദർശനം ബാലവേദി മെൻ്റർമാരായ പി തങ്കം, പി ജസീലുദ്ദീൻ, കലാകാരനും മുൻ അധ്യാപകനുമായ എൻ ഡി ഉണ്ണികൃഷ്ണൻ, വനിതാവേദി പ്രവർത്തക പ്രസന്നനമ്പ്യാർ, എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടറുമായ കൊല്ലറയ്ക്കൽ സതീശൻ സ്വാഗതവും ദർശനം ഗ്രന്ഥശാല സെക്രട്ടറി ടി കെ സുനിൽകുമാർ നന്ദിയും പറഞ്ഞു.

ആടാം പാടാം പരിപാടിയുമായി പ്രമുഖ നാടക സംവിധായകനും നടനുമായ കെ വി വിജേഷ് ഒന്നാം സെഷൻ കൈകാര്യം ചെയ്തു. മേയ് 5 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ കാർഷിക സംസ്കൃതി , കഥാ- കവിതാരചന, ആസ്വാദനം , ഒറിഗാമി, പാവ നിർമ്മാണം, ക്ളേ മോഡലിംഗ്, ജല അറിവ്, മണ്ണറിവ് , വരച്ചു പഠിക്കാം, കുരുത്തോലക്കളരി , നീന്തൽ പരിശീലനം, കട്ടുകളുടെ മന:ശാസ്ത്രം, ലഹരിക്കെതിരെയുള്ള ഉണർത്തുപാട്ടുകൾ, നാടകാവതരണം, പൂമ്പാറ്റയും കുട്ടികളും തുടങ്ങിയ വിഷയങ്ങളിൽ അതാതുരംഗത്തെ വിദഗ്ധർ പരിശീലകരായി എത്തുമെന്ന് സെക്രട്ടറി ടി കെ സുനിൽകുമാർ അറിയിച്ചു. വിവിധ റസിഡൻസ് അസോസിയേഷൻ പരിധികളിലെ 10 നും 17 നും ഇടയിൽ പ്രായമുള്ള 32 കുട്ടികൾ സംബന്ധിക്കുന്നു.