ഹ്യൂമൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു

Kannur

കടവത്തൂർ: കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യൂമൺ ലൈബ്രറി പ്രശസ്ത കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ റമീസ് പാറാൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെട്ടതാണ് വിദ്യാർത്ഥികളിൽ നിന്നും ചോദ്യങ്ങൾ ഉയരുക എന്നുള്ളത്. ചോദ്യങ്ങളില്ലാത്ത ക്ലാസ്മുറിയിൽ നിഷ്ക്രിയത്വം മാത്രമേ ഉണ്ടാകൂ, വിവരങ്ങൾ കേവലം യാന്ത്രികമായി പ്രസരിപ്പിക്കുന്ന ക്ലാസുകളിൽ പഠനം നടക്കുകയില്ല. നമ്മുടെ കുട്ടികൾക്ക് ക്ലാസുകളിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള മനോഭാവം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ ഹ്യൂമൺ ലൈബ്രറിയുടെ പ്രസക്തി ഏറുകയാണ്.

ഓരോ വ്യക്തിയും ഓരോ ‘മനുഷ്യപുസ്തക’മായി മാറുന്ന കാലത്ത് ജീവിതത്തിൽ ഒരിക്കലും തുറന്നുപറയാൻ അവസരം ലഭിക്കാതെപോയ അനുഭവങ്ങൾ, വെല്ലുവിളികൾ, വിജയങ്ങൾ, പാഠങ്ങൾ എന്നിവയെല്ലാം ഹ്യൂമൺ ലൈബ്രറിയിൽ പങ്കുവെച്ചു. വ്യക്തിഗത വിവരണങ്ങളിലൂടെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും പരസ്പരം സഹാനുഭൂതിയോടെ മനസ്സിലാക്കാനും സാധിച്ച ഹ്യൂമൺ ലൈബ്രറി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

എസ് ആർ ജി കൺവീനർ കെ കെ അനസ്, മുൻ ഹെഡ്മാസ്റ്റർ വി വൽസൻ, ഹ്യൂമൺ ലൈബ്രറി കൺവീനർ ടി സഅദ്, പി നിസാർ എന്നിവർ പ്രസംഗിച്ചു.