കോഴിക്കോട്: ഗര്‍ഭാവസ്ഥ മുതല്‍ തന്നെ ഭിന്ന ശേഷി സാധ്യതകള്‍ കണ്ടെത്തി പരിചരിക്കുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ഏര്‍ളി ഇന്റര്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം മലാപ്പറമ്പില്‍ ഇന്ന് വൈകീട്ട് മൂന്നിന് 14 ഭിന്നശേഷി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് തണല്‍, ഇഖ്‌റ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇഖ്‌റ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് സൂപ്പര്‍ സ്‌പെഷാലിറ്റി ഇ.ഐ.സി പ്രവര്‍ത്തനമാരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന വിജയകരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തണല്‍ ഈ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. വി ഇദ്‌രിസ് അറിയിച്ചു.
നഗരത്തിലെ കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലെ നിയോനേറ്റല്‍ ഐ.സി.യുകളില്‍ പരിശീലനം സ്റ്റാഫിനെ നിയമിച്ചു കൊണ്ട് ഭിന്നശേഷി ലക്ഷണങ്ങള്‍ കാണിക്കുന്ന കുഞ്ഞുങ്ങളെ ഉടന്‍ തന്നെ സൂപ്പര്‍ സ്‌പെഷാലിറ്റി ഇ.ഐ.സിയുമായി ബന്ധപ്പെടുത്തി ചികിത്സകളും പ്രത്യേക പരിചരണങ്ങളും നല്‍കും. ഗര്‍ഭകാലത്തെ സ്‌കാനിംഗ് റിപോര്‍ട്ടുകളില്‍ കാണിക്കുന്ന ഭിന്നശേഷി സാധ്യതകള്‍, മൂത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ ജീന്‍സ് സീക്വന്‍സിംഗ് എന്നിവ പരിഗണിച്ച് പ്രസവാനന്തരം ഉടന്‍ തന്നെ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളെ പ്രത്യേക പരിചരണത്തിലേക്ക് മാറ്റും.
സമഗ്ര പരിചരണത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഈ സെന്ററില്‍ ലഭ്യമായിരിക്കും. എം.ആര്‍.ഐ സ്‌കാനിംഗ്, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ജീന്‍ തെറാപ്പി, ജനറ്റിക് കൗണ്‍സിലിംഗ് തുടങ്ങി സംവിധാനങ്ങല്‍ ഇവിടെ ലഭ്യമാണ്. ഇഖ്‌റ ഹോസ്പിറ്റില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍, ജെ.ഡി.ടി ജോയിന്റ് സെക്രട്ടറി എം.പി അബ്ദുല്‍ ഗഫൂര്‍, തണല്‍ ട്രഷറര്‍ മുനീര്‍ വി.വി, തണല്‍ സി.ഇ.ഒ അനൂപ് കെ.ടി, തണല്‍ ഫിസിയാട്രിസ്റ്റ് ഡോ. ജസ്‌ന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.