കരുതലും കൈത്താങ്ങും: പരാതികള്‍ക്ക് പരിഹാരവുമായി മന്ത്രിമാര്‍ ജനങ്ങള്‍ക്കരികിലേക്ക്

News

കോഴിക്കോട്: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി മന്ത്രിമാര്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകള്‍ ജില്ലയില്‍ മേയ് രണ്ടു മുതല്‍ എട്ട് വരെ നടക്കും. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിര്‍വഹിക്കും.

കോഴിക്കോട് താലൂക്ക് അദാലത്ത് മെയ് രണ്ടിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലും താമരശ്ശേരി താലൂക്ക് അദാലത്ത് മെയ് നാലിന് താമരശ്ശേരി ഗവ.യുപി സ്‌കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗണ്‍ഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗണ്‍ഹാളിലും നടക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകള്‍ നടക്കുക.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ താലൂക്ക്തല അദാലത്തുകള്‍ നടക്കുന്നത്.