കാഞ്ഞിരപ്പള്ളി: മനുഷ്യജീവന് സംരക്ഷണം നല്‍കാത്ത ഭരണസംവിധാനങ്ങളുടെ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്നും കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ രണ്ടു മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുമ്പോള്‍ വനംവകുപ്പിനും വനപാലകര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ. വി. സി സെബാസ്റ്റ്യന്‍ മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു.
വന്യജീവികളെ വനത്തിനുള്ളില്‍ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവര്‍ഗ്ഗവും നീങ്ങിയാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യഭരണം ആര്‍ക്കുവേണ്ടിയാണെന്ന് മലയോരജനത ഗൗരവമായി ചിന്തിക്കണം.
സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും മൃഗങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന നീതിനിഷേധവും നിസംഗതയും നിഷ്‌ക്രിയത്വവും അവസാനിപ്പിക്കുന്നില്ലെങ്കില്‍ മൃഗങ്ങളുടെ മനുഷ്യവേട്ട ആവര്‍ത്തിക്കപ്പെടുകയും അനേകരുടെ ജീവനെടുക്കുകയും ചെയ്യും. ഇതിനുള്ള സാഹചര്യം മനുഷ്യജീവന് ഹാനികരമാകുന്നതിനെ കൊല്ലാന്‍ നിയമമുള്ള നാട്ടില്‍ സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.