ആലപ്പുഴ: വര്‍ധിച്ചുവരുന്ന മദ്യവില്പന കേന്ദ്രങ്ങള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നുവെന്നു കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്മാന് എ പി നൗഷാദ് പറഞ്ഞു. ആലപ്പുഴ എക്സൈസ് ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ നടക്കുന്ന മിക്ക കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും മദ്യ-മയക്കു മരുന്ന് ഉപയോഗം മൂലമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഡോ. വന്ദന ദാസ്, കോഴിക്കോട് ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം തുടങ്ങിയവയ്ക്ക് പിന്നിലെല്ലാം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗമാണെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.
ലഹരി വിതരണ ഏജന്റുമാരെ കണ്ടെത്തി, ഇതിന്റെ വാഹകരയിട്ടുള്ള സാമൂഹ്യ വിരുദ്ധരെ മാതൃകപരമായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃക പരമായി ശിക്ഷിക്കണം. ജില്ലാ വൈസ് ചെയര്മാന് എന്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര് വി ഇടവന, അഡ്വ. എം എ ബിന്ദു, എസ് സുരേഷ് കുമാര്‍, ആര് സിദ്ധാര്ത്ഥന്, ഉമ്മച്ചന് പി എച്ച്, അഞ്ജലി ടീച്ചര്‍, ടി എം സന്തോഷ്, പി എ ലോറന്‍സ്, കെ എ വിനോദ്, ടി ആര് രാജിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ പരിപാടികള്‍ ജന പിന്തുണയോടെ താലൂക് തലങ്ങളില്‍ നടത്തുകയും ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.