നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ഐഇഡിസി ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഐഇഡിസി (ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍) ഉള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് വേണ്ടിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയാണിത്. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ ഐഇഡിസി ഉച്ചകോടി സഹായകമാകും. വ്യവസായ പ്രമുഖര്‍, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായി സംരംഭകരാകാന്‍ ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയാണിത്.
വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപരിചയം നേടാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനുമായി 2016 മുതല്‍ കെഎസ് യുഎം ഐഇഡിസി ഉച്ചകോടി നടത്തി വരുന്നു. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങിയവയുടെ കൂടിച്ചേരലിനും ഉച്ചകോടി സാക്ഷ്യം വഹിക്കും.
എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിടെക്‌നിക്കുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഒത്തുചേരല്‍ കൂടിയാണ് ഐഇഡിസി ഉച്ചകോടി.
ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കെഎസ് യുഎം ആവിഷ്‌കരിച്ച സംരംഭമാണ് ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍. നിലവില്‍ 425 ഓളം ഐഇഡിസി കള്‍ കെഎസ് യുഎമ്മിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് സന്ദര്‍ശിക്കുക: iedcsummit.in. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 30.