ഡോക്ടറെ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; യുവതിയടക്കം മൂന്നംഗ സംഘം അറസ്റ്റില്‍

Kozhikode

കോഴിക്കോട്: ഇന്നലെ പുലര്‍ച്ചെ റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ വച്ച് ഭീകരാന്തരീക്ഷം തീര്‍ത്ത് കവര്‍ച്ച നടത്തിയ എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമദ് അനസ് ഇ.കെ (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ് എന്‍.പി (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷ ണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്ന് പിടികൂടി.

കഴിഞ്ഞ രാത്രിയില്‍ ഇവര്‍ ഡോക്ടറുമായി പരിചയപെടുകയും ഡോക്ടറുടെ റൂം മനസ്സിലാക്കി പുലര്‍ച്ചെ ആയുധവുമായി ഡോക്ടറുടെ റൂമില്‍ എത്തി കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ഡോക്ടറുടെ കൈവശം പണം ഇല്ലെന്ന് കണ്ടപ്പോള്‍ ബാങ്ക് അകൗണ്ടില്‍ നിന്നും ഗൂഗിള്‍ പെ വഴി 2500 രൂപ അയപ്പിക്കുകയും ചെയ്തു. അനു എന്ന യുവതി ആറ് മാസമായി അനസിന്റെ കൂടെ കൂടിയിട്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണ്. മയക്ക് മരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനാണ് ഇവര്‍ കവര്‍ച്ച ചെയ്തത്.

പൊലീസ് പിടികൂടാതിരിക്കാന്‍ അനസും അനുവും ഡല്‍ഹിയിലേക്ക് പോകുവാന്‍ പ്ലാന്‍ ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളിലാണ് ഇവര്‍ പോലീസ് വലയിലായത്. ഇവരില്‍ നിന്ന് ഇവര്‍ ഉപയോഗിച്ച ബൈക്കുകളും, മൊബൈല്‍ ഫോണുകളും വടിവാളും, പോലീസ് കണ്ടെടുത്തു. ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാന്‍ കെ, അഖിലേഷ്.കെ, അനീഷ് മൂസേന്റവീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്‌റ്റേഷനിലെ എസ്.ഐ മാരായ സിയാദ്, അനില്‍കുമാര്‍, എ.എസ്.ഐ ഷിജു. രജിത്ത് ഗിരീഷ്, ഷിബു പ്രവീണ്‍, അഭിലാഷ് രമേശന്‍ എന്നിവരാണ്അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.