ഏ സി വിയുടെ പര്യായമായ മനോജേട്ടന്‍

Kozhikode

എ വി ഫര്‍ദിസ്

കോഴിക്കോട്: ഒരാളുടെ മരണം കേള്‍ക്കുന്നതോടെ, നമ്മുടെ മനസ്സ് നീറുവാന്‍ തുടങ്ങുകയാണെങ്കില്‍, ഒരു കാര്യം ഉറപ്പാണ്. ആ വ്യക്തി നമുക്ക് അത്രത്തോളം പ്രിയപ്പെട്ട ആളായിരുന്നുവെന്ന്. രാജേഷേട്ടന്റെ (മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് ) മരണശേഷം മനസ്സില്‍ ഇത്രയും വിങ്ങല്‍ ഇന്നലെ ഗ്രൂപ്പില്‍ പ്രേമേട്ടന്‍ (കെ പ്രേമനാഥ്) മനോജേട്ടന്റെ പെട്ടെന്നുള്ള ചരമവാര്‍ത്ത ഇട്ടപ്പോഴായിരുന്നു അനുഭവപ്പെട്ടത്. തോളില്‍ കൈയ്യിട്ട് നടക്കുന്ന എടാ പോടാ ബന്ധമില്ലെങ്കിലും ഒരു ഒന്നര പതിറ്റാണ്ടിലധികമായി പരിചയമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ശ്രീ മനോജ്.

പഴമക്കാര്‍ പറയുന്നതുപോലെ തലമറന്ന് എണ്ണ തേക്കാത്ത വ്യക്തിത്വം. എത്ര ഉയരത്തിലെത്തിയാലും താന്‍ ഭൂമിക്ക് മുകളില്‍ പറക്കുകയല്ലാ മണ്ണില്‍ നില്ക്കുകയാണെന്ന ബോധം നഷ്ടപ്പെടാതിരിക്കുന്ന ഒരാള്‍. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ആരായിരുന്നു ശ്രീ മനോജെന്ന് പിന്നോട്ട് ആലോചിച്ചു നോക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ഇതെല്ലാമാണ്.

വര്‍ഷങ്ങളോളം ഏ. സി.വി.യുടെ കോഴിക്കോട്ടെ ഫ്രാഞ്ചെസി നടത്തിയിരുന്നത് മനോജേട്ടനും സുരേഷേട്ടനുമടങ്ങിയ ടീമായിരുന്നതിനാല്‍ ഇപ്പോഴും ശ്രീ മനോജെന്ന് പറയുമ്പോള്‍ ആദ്യം നഗരത്തിലെ പലരും പറയുക ആ ഏ. സി.വി. മനോജെല്ലേന്നാണ്. ഇന്നലെ മരണ വിവരമറിയിച്ചപ്പോഴും പലരും ന്യൂസ് കേരള എഡിറ്റര്‍ നിസാര്‍ ഒളവണ്ണയടക്കമുള്ളവരും ആദ്യം ചോദിച്ചത്, ഇതേ ചോദ്യം തന്നെയായിരുന്നു. അതെ ശരിക്കും കോഴിക്കോട് നഗരത്തിലെ ഏ.സി വി ക്കൊരു പര്യായപദമുണ്ടാകുകയാണെങ്കില്‍ അതില്‍ ആദ്യം മനോജ് എന്നായിരിക്കും ചേര്‍ക്കേണ്ടി വരിക. ഇതു മാത്രമല്ല, പരിചയപ്പെടുന്നവരോടുള്ള വലുപ്പ ചെറുപ്പമില്ലാത്ത ഒരേ രീതിയിലുള്ള പെരുമാറ്റവും ഇടപെടലും ശ്രീ മനോജിനോട് ആളുകളുടെ ഇഷ്ടക്കൂടുതലിന് കാരണമായി മാറിയിട്ടുണ്ട്. പത്തു പതിനെട്ടു വര്‍ഷം മുന്‍പ് പത്രപ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവന്നതു മുതല്‍ എന്നെ പോലുള്ളവര്‍ ഇതനുഭവിചറിഞ്ഞതാണ്. ഏതാനും ദിവസങ്ങള്‍ക്ക് ഓഫീസില്‍ കാണാന്‍ പോയപ്പോള്‍ ലഭിച്ചതും ഇതേ പെരുമാറ്റം തന്നെയായിരുന്നു.

ഒരു പക്ഷേ യാത്രകളിലൂടെയാണ് മനോജേട്ടനെ അടുത്തറിയുവാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭങ്ങളിലൊന്നെന്ന് തോന്നുന്നു. പ്രസ്സ് ക്ലബ്ബിന്റെ കശ്മീര്‍ ടൂര്‍ മുതല്‍ ശ്രീലങ്കയിലേക്കുള്ള കൊച്ചി ക്രൂയിസ് യാത്രയിലടക്കം ഇതനുഭവിച്ചറിയുവാന്‍ സാധിച്ച ഒരാള്‍ കൂടിയാണ് ഞാന്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, യാത്ര ചെയ്തിട്ടുള്ള ആള്‍ എന്ന നിലക്ക് പലപ്പോഴും ഇക്കാര്യത്തില്‍ ഒരു ഗൈഡുമായിരുന്ന ദ്ദേഹം.

അനുമതി ചോദിക്കാതെ എത്തുന്ന മരണത്തിന് മുന്നില്‍ മരിക്കപ്പെടുന്ന വ്യക്തി നിസ്സഹായനാക്കപ്പെടുന്നതു പോലെ ചുറ്റുപാടും ഏറെ ഞെട്ടിച്ചാണ് ചില മരണങ്ങള്‍ കടന്നുവരാറ്, ശ്രീ മനോജ് എന്ന ജ്യേഷ്ഠ സഹോദരന്റെ നിനച്ചിരിക്കാത്ത ഈ സമയത്തുള്ള അകാല വിയോഗം അത്തരമൊരവസ്ഥയിലേക്കാണ് അടുത്തറിഞ്ഞവരെയെല്ലാം ഈ സന്ദര്‍ഭത്തില്‍ എത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *