കെ ജി ജോര്‍ജ് ഒരു ഫ്‌ളാഷ് ബാക്ക്

Cinema

സതീശ് നേതി

വൈവിധ്യങ്ങളായ വിഷയങ്ങളും വ്യത്യസ്തമായ സംവിധാന ശൈലിയും കൊണ്ട് മലയാള ചലച്ചിത്ര മേഖലയില്‍ തനതായ ഒരിടം ഉണ്ടാക്കിയെടുത്ത പ്രതിഭാശാലിയായ ചലച്ചിത്രകാരനായിരുന്നു കെ ജി ജോര്‍ജ്.

1971 പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ചലച്ചിത്ര സംവിധാന പഠനത്തിനു ശേഷം രാമു കാര്യാട്ടിന്റെ മായ, നെല്ല് എന്നീ ചലച്ചിത്രങ്ങളോടൊപ്പം സഹ സംവിധായകനായും തിരക്കഥാകൃത്തുമായി ചലച്ചിത്ര പ്രവര്‍ത്തനം തുടങ്ങിയ കെ ജി ജോര്‍ജ് 1976 ല്‍ പുറത്തിറങ്ങിയ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്വപ്നാടനം എന്ന ചലച്ചിത്രത്തോടെ ദേശീയ ശ്രദ്ധയില്‍ പെടുന്ന സ്വതന്ത്ര സംവിധായകനായി.

1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശം അവസാനം സംവിധാനം ചെയ്ത ചലച്ചിത്രമാണ്.2003 ല്‍ സംസ്ഥാന ചലച്ചിത്ര ജുറി അദ്ധ്യക്ഷനായും 2006 മുതല്‍ അഞ്ചു വര്‍ഷം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2016 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു.

സ്വപ്നാടനത്തിനു ശേഷം ശ്രദ്ധേയങ്ങളായ വൈവിധ്യങ്ങളുള്ള ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങി പതിനെട്ടോളം ചലച്ചിത്രങ്ങള്‍.

സ്വപ്നാടനവും ഇരകളും മനശാസ്ത്രവും ഉള്‍ക്കടല്‍ പ്രണയവും മേള സര്‍ക്കസ് കൂടാരത്തിലെ ജീവിതവുമാണ് മലയാളി ചലചിത്രാസ്വാദകര്‍ക്ക് മുന്നില്‍ തുറന്നിട്ടത്. ഗ്രാമങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും നന്മയും തിന്മയുമെല്ലാം പച്ചയായി ആവിഷ്‌ക്കരിച്ച പി.ജെ. ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ
ആത്മാവ് എന്ന രചനക്ക് കെ.ജി.ജോര്‍ജ് തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കോലങ്ങള്‍.

നാടകത്തിന്റെ നാടകീയത നിലനിര്‍ത്തിക്കൊണ്ട് ഒരു ചലച്ചിത്രമൊരുക്കുക എന്ന വെല്ലുവിളി കെ.ജി. ജോര്‍ജ് എന്ന പ്രതിഭ എങ്ങിനെ മഹത്തായ ഒരു ചലച്ചിത്രമാക്കി എന്നത് യവനിക ഇന്നും കാണുമ്പോള്‍
അത്ഭുതം തോന്നും.

സിനിമക്കുള്ളിലെ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക് അക്കാലത്ത് സിനിമയില്‍ ആരും കൈകാര്യം ചെയ്യാന്‍ മടിക്കുന്ന ഒരു വിഷയമായിരുന്നു. സ്ത്രീകളുടെ ആത്മ സംഘര്‍ഷങ്ങള്‍ പ്രധാന വിഷയമാക്കിയ ആദാമിന്റെ വാരിയെല്ല് ഗേറ്റ് തുറന്ന് രക്ഷപ്പെടുന്ന അമ്മിണി സംവിധായകനേയും കൂടെയുള്ള സാങ്കേതിക പ്രവര്‍ത്തകരേയും ക്യാമറയും തട്ടി മാറ്റി കൊണ്ടുള്ള ദൃശ്യങ്ങള്‍ ഒരു അപൂര്‍വതയായിരുന്നു.

വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ പഞ്ചവടിപ്പാലം എന്ന രചനയെ കെ.ജി.ജോര്‍ജ് സിനിമയാക്കിയപ്പോള്‍ അത്തരം ഒരു സിനിമ മലയാളത്തില്‍ വന്നിട്ടുണ്ടോ എന്ന് സംശയമാണ്.