‘ഞങ്ങളുടെ കൂട്ടര്‍ക്ക് എന്തുമാവാം’ എന്ന നാടകമാണ്, അരങ്ങേറുന്നത്

Articles

നിരീക്ഷണം /ഡോ.ആസാദ്

ഒരു ഫെയ്‌സ്ബുക് പോസ്റ്റ് കണ്ടു: ‘സ. ധീരജിനെ കൊലചെയ്ത കേസിലെ പ്രതിയോടുമിണ്ടരുത്. അയാളെ വെറുക്കണം, അകറ്റി നിര്‍ത്തണം’. സ. ടി പി ചന്ദ്രശേഖരനെ കൊലചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ മാലയിട്ടു സ്വീകരിക്കാം, പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ കുടിയിരുത്താം.

കൊലയാളികളെ വെറുക്കുകയോ അകറ്റി നിര്‍ത്തുകയോ വേണ്ട എന്ന് ടി പി കേസിലെ കുറ്റവാളികളോടുള്ള സമീപനത്തിലൂടെ ഒരു രാഷ്ട്രീയ കക്ഷിയും അതിന്റെ അനുഭാവികളും പൊതു സമൂഹത്തിനു മുന്നില്‍ നിലപാടെടുത്തതാണ്. പുതിയ വഴക്കം സൃഷ്ടിച്ചതാണ്. അവരാണ് സ. ധീരജിനെ കൊലചെയ്ത കേസിലെ പ്രതിയോടു വെറുപ്പു വേണം, അയാളെ അകറ്റി നിര്‍ത്തണം എന്നു ശഠിക്കുന്നത്!

ഇത് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്ന ധാര്‍മ്മികതയാണ്. ‘ഞങ്ങളുടെ കൂട്ടര്‍ക്ക് എന്തുമാവാം’ എന്ന നാടകമാണ് അരങ്ങത്ത്. സബാള്‍ട്ടന്‍ ഫെസ്റ്റിവലില്‍ ഒരു സെഷനില്‍ സിവിക് ചന്ദ്രനെ മോഡറേറ്ററാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നത്. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തേക്കു വരുമ്പോള്‍ ഒരാള്‍ക്കും പ്രതിഷേധമില്ല. ഒരു മൂല്യബോധത്തിനും അടിയേറ്റില്ല! ഞങ്ങള്‍ സബാള്‍ട്ടന്‍ ഫെസ്റ്റിനു പോകില്ലെന്നു നിശ്ചയിച്ചവര്‍ ഇനി കെ എസ് ആര്‍ ടി സി ബസ്സുകളില്‍ കയറില്ലെന്ന് തീരുമാനിച്ചു കാണും. അവര്‍ ഒന്നും പറഞ്ഞുകണ്ടില്ല.

ശശിമാര്‍ ഉന്നതങ്ങളില്‍ അവരോധിക്കപ്പെടും. ചില പോക്‌സോ പ്രതികള്‍പോലും മൗനംകൊണ്ടുള്ള കവചങ്ങളില്‍ സംരക്ഷിക്കപ്പെടും. നമ്മുടെ നീതിബോധം അത്രയേയുള്ളു! കാരണം, ‘ഞങ്ങളുടെ കൂട്ടര്‍ക്ക് എന്തുമാവാം’ എന്ന നാടകമാണ് ഇപ്പോള്‍ അരങ്ങത്ത്.

ചില വിഷയങ്ങളില്‍ പരാതിയുണ്ടോ എന്നല്ല നോട്ടം. കേസുണ്ടോ എന്നാണ്. കാരണം കേസെടുക്കേണ്ടത് ഞങ്ങളാണ്. പരാതി എവിടെവരെ പോകണം എന്നു തീരുമാനിക്കുന്നതും ഞങ്ങളാണ്. പക്ഷേ, ഒരാളെങ്കിലും പീഡിപ്പിക്കപ്പെട്ടെങ്കില്‍, പരാതി എവിടെയെങ്കിലും ഉയര്‍ത്തിയെങ്കില്‍ അതിനു വിചാരണയും വിധിയുമില്ലാതെ നിരപരാധിപട്ടം നല്‍കുന്നതെങ്ങനെ എന്ന് ജനം ചോദിച്ചുകൊണ്ടിരിക്കും.

വാളയാറിലും വണ്ടിപ്പെരിയാറിലും കൊടും കുറ്റവാളികളുണ്ട്. അവര്‍ എല്ലാവര്‍ക്കുമൊപ്പം കളിച്ചു ചിരിച്ചു നടക്കുന്നുണ്ട്. അവരെ രക്ഷിച്ചു നിര്‍ത്തുന്നത് ആരൊക്കെയാണ്? പല പരാതിയിലും പ്രതിസ്ഥാനത്തുള്ളവര്‍ സര്‍ക്കാര്‍ ആദരവും പദവിയും ഏറ്റുവാങ്ങുമ്പോള്‍ സ്ത്രീപക്ഷത്ത് മൗനം തുടരുന്നതെന്ത്?

സൈബര്‍കുമാരന്മാരുടെ ഇരട്ടത്താപ്പില്‍ ലൈക്കുകള്‍ കൂടും. കാരണം, ‘ഞങ്ങളുടെ കൂട്ടര്‍ക്ക് എന്തുമാവാം’ എന്ന നാടകമാണ് ഇപ്പോള്‍ അരങ്ങത്ത്. നാടകം എപ്പോഴെങ്കിലും തീരുമായിരിക്കും. ക്ഷമാശീലരുടെ നാടാണല്ലോ നമ്മുടേത്! കാത്തിരിക്കാം.