നിരീക്ഷണം / ഡോ : ആസാദ്
‘മൂന്നില്‍ കൂടുതല്‍ എണ്ണാന്‍ നമുക്കിഷ്ടമില്ല’ എന്ന പ്രസ്താവനയിലാണ് തുടക്കം. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നോ പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നോ സൃഷ്ടി, സ്ഥിതി, സംഹാരം എന്നോ…ഭൂമി, സ്വര്‍ഗം, പാതാളം എന്നോ നീളം വീതി കനം എന്നോ മാര്‍ക്‌സ്, എം ഗല്‍സ്, ലെനിന്‍ എന്നോ ആല്‍ഫ, ബീറ്റ, ഗാമ എന്നോ വണ്‍ ടൂ ത്രീ എന്നോ ഒക്കെ സാധാരണ വ്യവഹാരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ത്രിമാന ചൊല്ല് പലതല വ്യവഹാരങ്ങളെ ഗോപിയുടെ കവിതയില്‍ ഒറ്റച്ചരടില്‍ ചേര്‍ത്തു വെക്കുന്നു. ‘ ഒന്നാം ലോകം, രണ്ടാം ലോകം, മൂന്നാം ലോകം എന്നോ അധികാരം അധികാരം അധികാരം എന്നോ ഞാന്‍ ഞാന്‍ ഞാന്‍ എന്നോ’ എഴുതുന്നിടത്ത് ആ കവിത അവസാനിപ്പിക്കാമായിരുന്നു.
‘നടന്നുതീര്‍ത്ത അടികളെല്ലാം
മൂന്നടിക്ക് വേണ്ടിയായിരുന്നു
എന്ന്
വാമനനും മഹാബലിയും
സംയുക്തമായെഴുതിയ
ആത്മകഥ’
എന്ന തുടര്‍ഖണ്ഡികയില്‍ തുടക്കത്തിലെ മുറുക്കം പൊട്ടിച്ചിതറുന്നു. വാമനനും മഹാബലിയും സംയുക്തമായി എഴുതിയ ആത്മകഥ എന്ന കൂട്ടിരുത്തല്‍ എല്ലാ അര്‍ത്ഥത്തിലും അനുചിതം. ഒരേ തത്വം സമര്‍ത്ഥിക്കാന്‍ ഒന്നിച്ചു നിര്‍ത്തേണ്ട പേരുകളല്ല അവ. ഹിന്ദുത്വ ഫാഷിസത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തുന്ന ഗോപീകൃഷ്ണന്‍ മൂന്നടിക്കു കാവ്യപ്രതിഷ്ഠയുണ്ടാക്കാന്‍ അവരെ ഒന്നിപ്പിക്കേണ്ടിയിരുന്നില്ല.
സമഭുജത്രികോണമാണ്
ക്രമത്തിന്റെ ഏറ്റവും ആദര്‍ശരൂപം
എന്നു തുടങ്ങുന്ന അടുത്ത ഖണ്ഡികയും ചിതറിപ്പോകുന്നു. സൂചകങ്ങളുടെ രാഷ്ട്രീയ വിവക്ഷകള്‍ അലസലീലയ്ക്കിറങ്ങും ഗോപീകൃഷ്ണന്റെ കവിതകളില്‍ എന്ന് വിചാരിക്കാന്‍ എനിക്കു കഴിയില്ല. പക്ഷേ, ഈ കവിതയില്‍ അങ്ങനെ സംഭവിക്കുന്നു. മൂന്നുവരെ പറയുന്നതില്‍ ചിലത് സമങ്ങളാവാം. ചിലത് പരിഗണനാക്രമമാവാം. ചിലത് അക്ഷരപ്രാസമാവാം അങ്ങനെ പലതുമാവാം. ഓരോന്നും ഓരോ സന്ദര്‍ഭത്തില്‍ അറിയേണ്ടതാണ്.
എന്നാല്‍, സമഭുജത്രികോണം എന്ന ആദര്‍ശ ക്രമത്തെ എടുത്തു പറയുന്നതും ‘ത്രികോണ മത്സരത്തില്‍ കൂടുതല്‍ സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്ന് വോട്ടര്‍മാര്‍’ എന്ന വാക്യത്തില്‍ തെളിയുന്നതും ഇന്നത്തെ സാഹചര്യത്തില്‍ അരാഷ്ട്രീയതയുടെ പതാകയാണ്.
‘അതിനാല്‍ നമ്മള്‍
ഒരു ആപ്പിള്‍ എടുക്കുന്നു’.
കത്തികൊണ്ട് പക്ഷേ ഗോപിക്ക് അത് രണ്ടാക്കാനേ പറ്റുന്നുള്ളു. മൂന്നു മുള്ളുള്ള ഫോര്‍ക്കുകൊണ്ട് കുത്തിയെടുത്ത് മൂന്നു കിട്ടിയെന്ന് ആശ്വസിക്കുന്നു. അങ്ങനെ സന്തുഷ്ടമായിരിക്കുന്നു. നന്നായി തുടങ്ങിയ ഒരു കവിത അതിന്റെ ഒന്നാം ഖണ്ഡം തീരുമ്പോള്‍ അര്‍ഥത്തിന്റെ ഏതോ കരയില്‍ ചിതറിപ്പോവുന്നു.
രണ്ടാംഖണ്ഡത്തില്‍ ആ അപാകം പരിഹൃതമാവുന്നില്ല. നാലില്‍ ഒരു ബദല്‍ കണ്ടെത്തുന്നതുപോലെ നിങ്ങളും നിഴലും പ്രതിച്ഛായയുമല്ലാത്ത ‘മറ്റൊരു നിങ്ങ’ളെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുന്നു. താളം തെറ്റിയ മനസ്സുപോലെ ആശങ്ക തൊടുക്കുന്നു.
‘നിങ്ങള്‍ ചുണ്ടനക്കിയാല്‍
അതും ചുണ്ടനക്കുമോ?
തമ്മില്‍ കൈകുലുക്കുമ്പോള്‍
ഏതു കൈയാണ് നിങ്ങളുടെ?’
കവിത എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കു പിടി കിട്ടിയില്ല. ചിലപ്പോള്‍ കാവ്യാനുശീലനത്തിന്റെ പ്രശ്‌നമാവാം. ഭാവുകത്വ ഛേദവുമാവാം.
മൂന്നില്‍ കൂടുന്നത് ശീലങ്ങള്‍ക്കു പുറത്തേക്കുള്ള കവിയലാവണം. ആ ഒഴുക്കില്‍ ഘടികാരത്തിലെ നാലാമതു സൂചിപോലെ പുതിയൊരു കാലാനുഭവത്തില്‍ ചെന്നെത്തുന്നത് സങ്കല്‍പ്പിക്കാനാവും. രാത്രിയും പകലും സായാഹ്നവുമല്ലാത്ത മറ്റൊരു നേരം മൂടുന്നതായും തോന്നാം. അപരിചിതമായ അനുഭവരാശിയില്‍ വിചിത്രമായ കൂടിക്കാഴ്ച്ചകളുമാവാം. അവയെ പക്ഷേ, ചേര്‍ത്തു നിര്‍ത്തുന്ന അര്‍ത്ഥത്തിന്റെയോ ലാവണ്യത്തിന്റെയോ അകധാരകള്‍ കാണണം. അതാണ് ഇവിടെ കാണാത്തത്. ആ അഭാവമാണ് കവിതയെ ചിതറിക്കുന്നത്.
ഇത് ഗോപീകൃഷ്ണന്റെ പുതിയ കവിത വായിച്ചപ്പോള്‍ തോന്നിയതാണ്. ഇതേ കവിതയ്ക്ക് വ്യത്യസ്ത വായനകളുണ്ടാവുമല്ലോ. അത് എഴുതുകയാണെങ്കില്‍ എന്റെ വായനാ പരിമിതി എനിക്ക് മറി കടക്കാനാവും. കാവ്യ സംവാദം അര്‍ഥപൂര്‍ണവുമാവും.