പിടികൊടുക്കാതെ ബേലൂര്‍ മാഖ്‌ന, ആന കര്‍ണാടകയിലേക്ക് നീങ്ങുന്നു

Kerala

മാനന്തവാടി: വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങി ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മാഖ്ന വനം വകുപ്പിന് പിടികെടുക്കാതെ മുന്നോട്ട് നീങ്ങുന്നു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ബേലൂര്‍ മാഖ്‌ന നിലയുറപ്പിച്ചിരിക്കുന്നത്. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ മാറി മണ്ണുണ്ടി കോളനി പരിസരത്താണ് നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തില്‍ വനംവകുപ്പ് അനിശ്ചിതത്വത്തിലാണ്.

കര്‍ണാടക കാടുകളിലേക്ക് ആന കയറിയാല്‍ കേരളത്തിന് വെടിവെക്കാന്‍ കഴിയില്ല. ഇതോടെ, ആന സ്വയം കാടുകയറി പോകാനുള്ള സാധ്യതയാണ് നിലവില്‍ വനംവകുപ്പ് പരിശോധിക്കുന്നത്. കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. ആനയുടെ ശബ്ദം ഇന്നലെ രാത്രി കേട്ടിരുന്നതായും പരിസരവാസികള്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് അജീഷിനെ ആക്രമിച്ച മോഴയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. നിലവിലെ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വെക്കുന്നതുമായി ബന്ധപ്പെട്ട് വിവരം ലഭ്യമല്ല.

അതേസമയം നാല് കുങ്കിയാനകളെ ബാവലിയില്‍ എത്തിച്ചിട്ടുണ്ട്. ദൗത്യസംഘവും കൂടുതല്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ആളെക്കൊല്ലി കാട്ടാനയെ അനുയോജ്യമായ സ്ഥലത്ത് എത്തിയാല്‍ ഉടന്‍ മയക്കുവെടി വെയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടികൂടി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കര്‍ണാടകയില്‍ ജനവാസമേഖലയില്‍നിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്. തൊഴിലാളികളെ കൂട്ടാനായി പാല്‍വെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജി ആനയുടെ മുന്നിലകപ്പെട്ടത്.

ആനയെക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തില്‍ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്ന് വീട്ടിലേക്കുള്ള പടവുകള്‍ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ ഹാസനിലെ ബേലൂരില്‍നിന്നും പിടികൂടിയ സ്ഥിരം കുഴപ്പക്കാരനായിരുന്നു ഈ അക്രമകാരിയായ മോഴയാന.