കൊച്ചി: ടി പി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഹൈക്കോടതി ഉയര്‍ത്തി. 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പുതുതായി കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതാണ് ഇരുവരും. ഒന്നാം പ്രതി എം സി അനൂപിന് ഇരട്ട ജീവപര്യന്തം വിധിച്ചു. ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും 11 ാം പ്രതിക്കും 20 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള സാഹചര്യമുണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ആരാഞ്ഞു. പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാന്‍ കാരണമെന്താണെന്ന് കോടതി ആരാഞ്ഞു. ടി പി വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം. പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ്. മറ്റുള്ള പ്രതികള്‍ക്ക് മാനസാന്തരത്തിന് സാദ്ധ്യതയില്ലേ? വിധി പറയുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. വധശിക്ഷ നല്‍കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണെന്നും കോടതി പറഞ്ഞു.
പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. കെ കെ കൃഷ്ണന്‍ നടത്തിയ പ്രസംഗം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍ക്കെതിരെ വേറെയും കേസുകളുണ്ടായിട്ടുണ്ട്. പ്രതികള്‍ മാനസാന്തരപ്പെടാന്‍ യാതൊരു സാദ്ധ്യതയുമില്ല. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന് പുറത്തുനടന്ന കൊലപാതകമല്ല, മറിച്ച് ആസൂത്രിതമായാണ് നടന്നത്. കൊല നടത്തിയത് സി പി എം അനുഭാവികളാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.