തിരുവനന്തപുരം: പാഠ്യപദ്ധതിയിൽ പെട്ട പുസ്തകങ്ങൾ മാത്രം വായിക്കുന്നവരായി കുട്ടികൾ മാറി. അനുഭൂതിയുടെയും അനുഭവങ്ങളുടെയും വിജ്ഞാനത്തിൻ്റെയും പുതിയ ലോകം തുറന്നിടുന്ന ജാലകങ്ങളാണ് പുസ്തകങ്ങൾ എന്ന വസ്തുത എല്ലാവരും മറക്കുന്നു. അവരവരുടെ താൽപര്യങ്ങളെക്കുറിച്ച് കൂടുതൽ വിവങ്ങൾ വ്യക്തികൾക്ക് ലഭിക്കണമെങ്കിൽ നിർബന്ധമായും പുസ്തകങ്ങൾ വായിക്കണം. സോഷ്യൽ മീഡിയയിലെ ചെറു ലിഖിതങ്ങളുടെ ലളിതവായനയെ വായനയായി പരിഗണിക്കാൻ കഴിയുമോ എന്ന ആശങ്ക എനിക്കുണ്ട് എന്ന് ഡോ. ശശി തരൂർ. 21-ാം നൂറ്റാണ്ടിലെ എഴുത്തിൻ്റെ ഭാവി എന്ന വിഷയത്തിൽ സംസാരിക്കുക യായിരുന്നു ഡോ. ശശി തരൂർ .സോഷ്യൽ മീഡിയ തുറന്നത് വിപുലമായ സാധ്യതകളും ശബ്ദമില്ലാത്തവർക്ക് ശബ്ദമാകാനുള്ള വഴിയുമാണ്. എന്നാൽ നുണകളുടെയും സ്ഥാപിത താല്പര്യങ്ങളുടെയും മര്യാദകേടിൻ്റെയും തെറി വിളിയുടെയും ലോകമായി കൂടി സോഷ്യൽ മീഡിയ മാറിയത് കാണാതിരുന്നു കൂടാ. ടെക്നോളജിയെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ലോകം നമുക്ക് ചിന്തിക്കാനാവില്ല. പക്ഷേ ഏകാഗ്രത സൃഷ്ടിക്കുന്ന ഗൗരവമായ വായനയെ ടെക്നോളജി എത്രത്തോളം പുറംതള്ളുന്നു എന്നതു ചിന്തിക്കേണ്ടതുണ്ട്. ഫാസിസ്റ്റു ശക്തികൾ തങ്ങളുടെ ആശയപ്രചരണത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു ടെക്നോളജിയെ ആണ്. എതിർശബ്ദങ്ങൾക്കു മേൽ സൈബർ അറ്റാക്കും തുടർന്നു ഫിസിക്കൽ അറ്റാക്കും നടത്തുന്ന കാലത്ത് സ്വതന്ത്രചിന്തയുടെയും എഴുത്തിൻ്റെയും ഭാവി അത്ര സുരക്ഷിതമെന്നു കരുതാനാവില്ല എന്നും ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു.
എത്ര മാത്രം ആധുനിക സംവിധാനങ്ങൾ വന്നാലും അച്ചടിച്ച പുസ്തകങ്ങളുടെ പ്രസക്തി നിലനിൽക്കുക തന്നെ ചെയ്യുമെന്ന് ഡോ. പി.കേ.രാജശേഖരൻ പറഞ്ഞു.പുസ്തകങ്ങൾ ചരിത്രവും സത്യവുമാണ്. അതു തന്നെയാണ് പുസ്തകങ്ങളുടെ പ്രസക്തിയും. ഡിജിറ്റൽ പ്രതലത്തിൻ്റെ പ്രാധാന്യത്തെ കുറച്ച് കാണുന്നില്ല.എന്നാൽ ലോകത്ത് ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട തെല്ലാം ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റിയിട്ടില്ല.അതു കൊണ്ട് തന്നെയാണ് പുസ്തകങ്ങളുടെയും ലൈബ്രറികളുടെയും പ്രസക്തി ഇപ്പോഴും നിലനിൽക്കുന്ന തെന്നും ഡോ. പി. കേ. രാജശേഖരൻ പറഞ്ഞു.
അമേരിക്കയിൽ ട്രംപ് ജയിക്കാനാണ് സാധ്യത എന്നും തരൂർ ചർച്ചയിൽ പറഞ്ഞു.
നിംസ് ലിറ്റററി ക്ലബ്ബും സ്വദേശാഭിമാനി കൾച്ചറൽ സെൻ്ററും ചേർന്നാണു സംഭാഷണ വേദി ഒരുക്കിയത്. നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നെയ്യാറ്റിൻകരയ്ക്ക് ഒരു നവ്യാനുഭവമായി മാറി സാഹിത്യത്തെ സംബന്ധിക്കുന്ന ഈ വർത്തമാനം’. വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ,രചന വേലപ്പൻ നായർ,ഡോ. ബെറ്റിമോൾ മാത്യു, എം. എസ്.മോഹനചന്ദ്രൻ, ഡോ.സജു, ഡോ. ആർ.വത്സലൻ, ഇരുമ്പിൽ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.