അനന്തരാവകാശ നിയമങ്ങളെ വിവാദമാക്കുന്നത് ഗൂഢപദ്ധതി: കെ എന്‍ എം മര്‍ക്കസുദ്ദഅവ

Kerala

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

മലപ്പുറം: ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ വികലമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കുന്നത് ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങളെ അംഗീകരിക്കുകയും ജീവിത രീതിയാക്കുകയും ചെയ്തവര്‍ക്കാണ് ഇസ്‌ലാമിക ശരീഅത്ത് ബാധകമെന്നിരിക്കെ അതിനെ അംഗീകരിക്കാത്തവര്‍ ഇസ്‌ലാമിലെ അനന്തരാവകാശങ്ങളെ അധിക്ഷേപിക്കുന്നത് സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ. ഇസ്‌ലാമിലെ അനന്തരാവകാശ നിയമം മാനവികതയുടെ അടിസ്ഥാനത്തിലാണെന്ന യാഥാര്‍ത്ഥ്യം പഠിക്കാതെ വിമര്‍ശിക്കുന്നത് അസംബന്ധമാണ്.

നീതിയുടെയും തുല്യതയുടെയും സന്ദേശങ്ങള്‍ ബാധ്യതകളുടെയും അവകാശങ്ങളുടെയും മാനദണ്ഡം കൂടി പരിഗണിച്ച് വേണമെന്നതാണ് ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിന്റെ യുക്തിഭദ്രത. അവകാശങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് ബാധ്യതകളെയും കടപ്പാടുകളെയും മാനുഷിക ബന്ധങ്ങളെയും അവഗണിക്കുന്നവരാണ് ഇസ്‌ലാമിക ശരീഅത്തിനെ വികലമാക്കി ചിത്രീകരിക്കുന്നത്.

ലിംഗസമത്വത്തിന്റെ പേരു പറഞ്ഞ് ലിംഗനീതിയെ നിരാകരിക്കുകയാണ് നവലിബറല്‍ സമൂഹങ്ങള്‍ ചെയ്യുന്നത്. സ്ത്രീകളുടെയും പരുഷന്‍മാരുടെയും അടിസ്ഥാനപരമായ സ്വാഭാവിക ഘടനയെ അവഗണിച്ച്‌കൊണ്ടുള്ള കുത്തഴിഞ്ഞ ലൈംഗികത സ്വാതന്ത്ര്യം സ്ത്രീകളെ കേവലം ഉപഭോഗവസ്തുവാക്കി മാറ്റിയിരിക്കുകയാണ്. സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും പരിഗണിച്ചുകൊണ്ട് അര്‍ഹമായ അംഗീകാരംവും അവകാശവും വകവെച്ചുകൊടുത്തുകൊണ്ട് സ്ത്രീകളെ ആദരിച്ച ഇസ്‌ലാമിനെതിരെയുള്ള ഒളിയുദ്ധം ലൈംഗീക അരാജകത്വത്തിലേക്കാണ് വഴിതെളിയിക്കുന്നതെന്ന് സമ്മേളനം വ്യക്തമാക്കി.

കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ ഹമീദ് മദീനി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.പി ഉമര്‍ സുല്ലമി ആമുഖഭാഷണം നടത്തി.

മുജാഹിദ് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം കെ.എല്‍.പി യൂസുഫ് ഹാജി നിര്‍വഹിച്ചു. നൗഫല്‍ ട്രൂബറി ലോഗോ വിശദീകരണം നടത്തി. എം അഹമ്മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. ”വിശ്വമാനവികതക്ക് വേദവെളിച്ചം” എന്ന സമ്മേളന പ്രമേയം എം.ടി മനാഫ് മാസ്റ്റര്‍ അവതരിപ്പിച്ചു. എന്‍.എം അബ്ദുല്‍ ജലീല്‍, പ്രഫ. കെ.പി സക്കരിയ്യ, ഡോ. കെ.ടി അന്‍വര്‍ സാദത്ത്, സി.ടി ആയിശ ടീച്ചര്‍, ആദില്‍ നസ്വീഫ് ഫാറൂഖി, ശാദിയ, പി സുഹൈല്‍ സാബിര്‍, സലീം കരുനാഗപ്പള്ളി, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, പി അബ്ദുല്‍ അലി മദനി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *