ചാര്‍ട്ടേഡ് വിമാന, കപ്പല്‍ സര്‍വീസ് ആരംഭിച്ചാല്‍ അമിത നിരക്ക് നിയന്ത്രിക്കാന്‍ വിമാന കമ്പനികള്‍ തയ്യാറാകും

Kozhikode

കോഴിക്കോട്: ദുബായ് കേരള സെക്ടറില്‍ ചാര്‍ട്ടേഡ് വിമാന, കപ്പല്‍ സര്‍വീസ് ആരംഭിച്ചാല്‍ ആഘോഷ അവധി വേളകളില്‍ അമിത വിമാന നിരക്ക് നിയന്ത്രിക്കാന്‍ വിമാന കമ്പനികള്‍ തയ്യാറാകുമെന്ന് എം ഡി സി യു എ ഇ റീജിയന്‍ കണ്‍വീനര്‍ സി എ ബ്യൂട്ടിപ്രസാദ് പറഞ്ഞു. മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലബാറിലെ പ്രമുഖ സംഘടനകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലുള്ള, 1200 യാത്രക്കാരെയും 1000 ടണ്‍ കാര്‍ഗോയും കയറ്റാന്‍ സൗകര്യമുള്ള പുതിയ കപ്പല്‍ വാടകക്കെടുത്ത് എത്രയും വേഗം സര്‍വീസ് ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആഭ്യന്തര അന്തര്‍ദേശീയ വിമാന നിരക്ക് യാത്രക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറം ആയ സാഹചര്യത്തിലാണ് മലബാര്‍ ഡെവലമെന്റ് കൗണ്‍സില്‍ ചാര്‍ട്ടേഡ് കപ്പല്‍ വിമാന സര്‍വീസ് എന്ന ആശയം സര്‍ക്കാരുകളുടെയും സംഘടനകളുടെയും മുന്നില്‍ വെച്ചതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം ഡി സി പ്രസിഡണ്ട് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി വ്യക്തമാക്കി. കപ്പല്‍ സര്‍വീസിന് വേണ്ടിയുള്ള ശ്രമം 2019ല്‍ എം ഡി സി ആരംഭിച്ചുവെങ്കിലും കോവിഡ് മൂലം പ്രാവര്‍ത്തികമായില്ല.

കോവിഡിന് ശേഷം യാത്രക്കാര്‍ പതിന്മടങ്ങ് വര്‍ധിച്ചുവെങ്കിലും 9 വര്‍ഷം കഴിഞ്ഞിട്ടും വിമാന കമ്പനികള്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഒരു സീറ്റ് പോലും വര്‍ധിപ്പിക്കാന്‍ അനുവദിച്ചിട്ടില്ല എന്നാണ് ദുബായിലെ വിമാന കമ്പനി ഉന്നത അധികാരികള്‍ എം ഡി സി പ്രതിനിധി സംഘത്തെ അറിയിച്ചത്. യാത്രക്കാര്‍ വര്‍ദ്ധിക്കുകയും ആനുപാതികമായി സീറ്റ് അനുവദിക്കാത്തത് വിമാന കമ്പനികള്‍ക്ക് ചാകരയായി. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് കപ്പല്‍ സര്‍വീസ് എന്ന ആശയം എം ഡി സി വീണ്ടും ഉന്നയിച്ചത്. മിതവും ന്യായവുമായ ഈ ആവശ്യത്തിന് പ്രതീക്ഷയിലും അപ്പുറമുള്ള സഹകരണവും പിന്തുണയുമാണ് സര്‍ക്കാരുകളില്‍ നിന്നും, കഴിഞ്ഞദിവസം യു എ ഇയില്‍ പര്യടനം നടത്തിയപ്പോള്‍ വിമാന, കപ്പല്‍ കമ്പനികള്‍, കപ്പല്‍ ഓപ്പറേറ്റര്‍മാര്‍, പ്രവാസി സംഘടനകള്‍, പ്രമുഖ വ്യക്തികളില്‍ നിന്നും ലഭിച്ചത്.

പ്രവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണാന്‍ 15 കോടി ബഡ്ജറ്റില്‍ അനുവദിച്ചതും, എം ഡി സി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ മേല്‍ തുടര്‍ നടപടികള്‍ക്കായി തുറമുഖ വകുപ്പ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നു.

എം.ഡി.സി യു.എ.ഇ പ്രതിനിധി സംഘത്തിന് ദുബായില്‍ എല്ലാ പ്രവര്‍ത്തനങ്ങളും കോഡിനേറ്റ് ചെയ്ത കണ്‍വീനര്‍ സി.എ. ബ്യൂട്ടി പ്രസാദിനെ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് റാഫി പി.ദേവസി പൊന്നാട അണിയിച്ച് അനുമോദിച്ചു. അമിത വിമാനരക്ക് നിയന്ത്രിക്കാനുള്ള എം ഡി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡണ്ട് റാഫി പി ദേവസി എല്ലാവിധ പിന്തുണയും അറിയിച്ചു. ഗള്‍ഫിലേക്ക് പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അയക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കപ്പല്‍ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ കാര്‍ഗോ കയറ്റുമതിക്കും മലബാറിന്റെ സമഗ്ര വികസനത്തിനും ഉപകാരമാകും. കാലിക്കറ്റ് ഹോള്‍സെയില്‍ ഫ്രൂട്ട് മര്‍ച്ചന്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി അബ്ദുല്‍ റഷീദ്, ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി സി മനോജ്, ഗ്ലോബല്‍ ഇന്‍ഡോ അറബ് കോണ്‍ഫിഡറേഷന്‍ പ്രസിഡന്റ് എം വി കുഞ്ഞാമു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം ഡി സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍ സ്വാഗതവും, സെക്രട്ടറി പി ഐ അജയന്‍ നന്ദിയും പറഞ്ഞു.